കോട്ടയം : അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു, സ്ഥാപനം പ്രതിസന്ധിയിലായപ്പോള്‍ പഴി ചിറമേല്‍ അച്ചന്റെ തലയില്‍ കെട്ടിവെച്ച് നിക്ഷേപകന്‍. ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലാണ് തൃശൂരിലെ എം.സി.കെ നിധിയില്‍ പണം നിക്ഷേപിച്ച ആലപ്പുഴ സ്വദേശിയുടെ ആരോപണം. പത്രസമ്മേളനത്തിനു വന്ന ഇയാളുടെ നീണ്ട പ്രസംഗം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ പലരും അക്ഷമരായി. നിക്ഷേപകരുടെ ദയനീയത വിവിധ ഭാവങ്ങളില്‍ ഇയാള്‍ അവതരിപ്പിച്ചുവെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഇയാള്‍ പതറി.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് ദിവസേന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്യുന്നുണ്ടെന്നും ഇതൊക്കെ കണ്ടിട്ട് വീണ്ടും എന്തിനാണ് ഇത്തരം സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നതെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുമുമ്പില്‍ ഇയാള്‍ക്ക് ഉത്തരംമുട്ടി. നിക്ഷേപകരുടെ വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കേസിനുവേണ്ടി വന്‍തുക പിരിച്ചതായ ആരോപണം ഇയാള്‍ക്കെതിരെയുണ്ട്. നാലായിരവും അയ്യായിരവും രൂപവരെ ഓരോ നിക്ഷേപകരില്‍നിന്നും വാങ്ങിയതായാണ് വിവരം. എഴുനൂറോളം പേര്‍ തന്റെ ഗ്രൂപ്പില്‍ ഉണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ 35 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തിട്ടുണ്ടാകും. രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയോ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളോ ഇല്ലാതെയാണ് വന്‍തുക പിരിച്ചെടുത്തത്. ഇത് സംബന്ധിച്ച വരവ് ചെലവ് കണക്കുകള്‍ പോലും ഗ്രൂപ്പില്‍ അവതരിപ്പിച്ചിട്ടില്ല, അതുകൊണ്ടുതന്നെ പണം നല്‍കിയവര്‍ പലരും കടുത്ത അമര്‍ഷത്തിലാണ്. ഇയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നിക്ഷേപകര്‍. ആദരണീയനായ ചിറമേല്‍ അച്ചനെതിരെയുള്ള ആരോപണത്തെ വളരെ ഗൌരവത്തോടെയാണ് സഭാവിശ്വാസികള്‍ കാണുന്നത്. സമുദായ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് 500 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും കമ്പനി ഉടമകള്‍ മുങ്ങിയെന്നുമുള്ള വാര്‍ത്ത MCK ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി ജോസ് നിഷേധിച്ചു. പ്രധാനമന്ത്രിയുടെയും കേരളത്തിലെ മന്ത്രിമാരുടെയും ഫോട്ടോകള്‍ കാണിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നുള്ള ആരോപണവും സത്യത്തിന് നിരക്കാത്തതാണ്. കമ്പനിയുടെ വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ആരോ ബോധപൂര്‍വ്വം ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരായിരിക്കാം ചിത്രങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും MCK ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി ജോസ് പറഞ്ഞു. മാനവ കെയര്‍ കേന്ദ്ര നിധി ലിമിറ്റഡ് ഉമായി തനിക്ക് ബന്ധമില്ല. എം.സി.കെ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ മനോഹരന്റെ ഭാര്യ രമണി മനോഹരന്‍ ആണ് ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. ഇവരുടെ മകന്‍ മിഥുനും ഈ കമ്പനിയുടെ ഡയറക്ടര്‍ ആണ്. ഈ കമ്പനിയില്‍ പണം നിക്ഷേപിച്ചവരും തന്നോടാണ് പണം ആവശ്യപ്പെടുന്നതെന്ന് ജോസ് പറഞ്ഞു.
കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നകാര്യം ശരിയാണ്. നിക്ഷേപകരില്‍ ചിലര്‍ പറയുന്നപോലെ 500 കോടിയുടെ ബാധ്യതയില്ല. 55 കോടി രൂപയില്‍ താഴെ മാത്രമാണ് നിക്ഷേപകര്‍ക്ക് കൊടുക്കുവാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തില്‍ കമ്പനിയുടെ റിസര്‍വ് ഫണ്ടില്‍നിന്നും പല നിക്ഷേപകര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ചില നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് ഓഫീസ് സീലു ചെയ്തിരിക്കുകയാണ്. ഹെഡ് ഓഫീസ് തുറന്നാല്‍ മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകുകയുള്ളു. പരമാവധി ബാധ്യത 55 കോടി രൂപയില്‍ താഴെ ആണെന്നിരിക്കെ 500 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത തികച്ചും ദുരുദ്ദേശപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. തങ്ങളുടെ നിക്ഷേപം പൂര്‍ണ്ണമായി തിരികെ തന്നാല്‍ മറ്റുള്ളവരെ തങ്ങള്‍ പറഞ്ഞുനിര്‍ത്തിക്കൊള്ളാമെന്നും ചിലര്‍ വാഗ്ദാനം നല്‍കി, എന്നാല്‍ എല്ലാ നിക്ഷേപകരും തനിക്ക് ഒരുപോലെയാണെന്നും മുഴുവന്‍ നിക്ഷേപകരുടെയും പണം ഒരേ അനുപാതത്തില്‍ തിരികെ നല്‍കുമെന്നും ജോസ് ഉറപ്പു പറയുന്നു.
കമ്പനി ഉടമകള്‍ ഒളിവില്‍ പോയെന്ന വാര്‍ത്തയും ജോസ് നിഷേധിച്ചു. തൃശ്ശൂരിലെ തന്റെ വീട്ടില്‍ നിക്ഷേപകര്‍ കൂട്ടമായെത്തി താമസിച്ചപ്പോള്‍ താന്‍ അവിടെനിന്നും താമസം മാറ്റുകയായിരുന്നുവെന്നും ജോസ് പറഞ്ഞു. ബിനാമി പേരിലേക്ക് പണം മാറ്റുകയോ സ്വത്തുവകകള്‍ സമ്പാദിക്കുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വന്നതാണ് MCK ഗ്രൂപ്പ്. കോയമ്പത്തൂരിലെ ഒരു പ്രോജക്ടില്‍ പണം മുടക്കിയിരുന്നു. കൂടാതെ ഇലക്ടിക് വാഹനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പ്രോജക്ടിലും പണം മുടക്കിയിരുന്നു. ഇതില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു. കൂടാതെ ഈ പ്രോജക്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ആയ ചിലരില്‍ നിന്നും നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടമായെത്തി നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. കമ്പനിയുടെ റിസര്‍വ് ഫണ്ടിലെ തുക പൂര്‍ണ്ണമായും നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ വിനിയോഗിച്ചു. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായി.
കഴിഞ്ഞ ഒരുവര്‍ഷമായി കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെയര്‍മാന്‍ എന്ന നിലയില്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ ഒളിച്ചോടുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെയും കുടുംബത്തിന്റെയും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകള്‍ ജീവനക്കാരുടെ കൈവശം നല്‍കിയിട്ടുണ്ടെന്നും ജോസ് പറഞ്ഞു. നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണ്. തനിക്ക് വളരെ വേണ്ടപ്പെട്ട ചിലര്‍ ആവശ്യമായ ഫണ്ട് നല്‍കി കമ്പനിയെ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം നിക്ഷേപകരോട് പറഞ്ഞിരുന്ന അവധികള്‍ പലതും മാറ്റിപ്പറയുവാന്‍ താന്‍ നിര്‍ബന്ധിതനായത്.
നിക്ഷേപകരുടെ ഫോണ്‍ എടുക്കുകയും അവര്‍ക്ക് യഥാസമയം മെസ്സേജുകള്‍ നല്‍കുകയും ഗൂഗിള്‍ മീറ്റ് നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അതായത് നവംബര്‍ മൂന്നിന് വളരെ വിശദമായ ഓഡിയോ മെസ്സേജ് എല്ലാവര്‍ക്കും നല്‍കിയതാണ്. ജീവനക്കാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഗൂഗിള്‍ മീറ്റും നടത്താറുണ്ട്. നിക്ഷേപകരില്‍ ചിലര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് നടന്നുവരികയാണ്. പല പോലീസ് സ്റ്റേഷനുകളിലും പരാതി നിലനില്‍ക്കുന്നുണ്ട്. നിയമനടപടിയുമായി മുമ്പോട്ടുപോയി നിക്ഷേപകരെ ബുദ്ധിമുട്ടിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. എത്രയുംവേഗം ഇവരുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കുമെന്നും ജോസ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ബഹുഭൂരിപക്ഷം നിക്ഷേപകരും ജീവനക്കാരും അവരുടെ പൂര്‍ണ്ണ പിന്തുണ കമ്പനിക്ക് നല്‍കുമ്പോള്‍ വളരെ ചുരുക്കം ചില നിക്ഷേപകരാണ് മാധ്യമ വാര്‍ത്തകളിലൂടെയും പത്രസമ്മേളനങ്ങള്‍ നടത്തിയും തന്റെ ഉദ്യമത്തെ തടയുന്നതെന്നും ഏറെ താമസിക്കാതെതന്നെ നിക്ഷേപകരുടെ പണം മടക്കിനല്‍കാന്‍ തനിക്കു കഴിയുമെന്നും ചെയര്‍മാന്‍ ടി.ടി ജോസ് പറഞ്ഞു.







