ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയിൽ അച്ചടക്ക നടപടിയുമായി സംസ്ഥാന നേതൃത്വം. സമ്മേളനകാലത്തെ വിഭാഗീയത പ്രവർത്തനങ്ങളിൽ പങ്കാളികളായ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ചിത്തരഞ്ജൻ എം.എൽ.എയെ തരംതാഴ്ത്തിയിരിക്കയാണ്. പി.പി. ചിത്തരഞ്ജൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
ജില്ല സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും തരംതാഴ്ത്തിയിട്ടുണ്ട്. ലഹരിക്കടത്ത് കേസിൽ എ. ഷാനവാസിനെ പാർട്ടി പുറത്താക്കി. വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു.
അതേസമയം,വിഭാഗീയത അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ ഉന്നത നേതാക്കളടക്കമുള്ളവരുടെ പങ്ക് കണ്ടെത്തിയിരുന്നു. ജില്ല സെക്രട്ടേറിയറ്റ് നേതാക്കളടക്കം 30 പേരിൽനിന്ന് വിശദീകരണവും തേടിയിരുന്നു.