ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ്. “ഒരു രാജ്യം, ഒരു പാൽ” എന്ന് ബി.ജെ.പി മുദ്രാ വാക്യം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ധവള വിപ്ലവത്തിൽ നന്ദിനിക്കും അമുലിനും അതിന്‍റെതായ വിജയഗാഥകൾ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുൽ ഉൽപ്പന്നങ്ങൾ കർണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വൻ വിവാദത്തിനിടയാക്കിയിരുന്നു. കർണാടകത്തിലെ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജെ.ഡി.എസും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
സഹകര സ്ഥാപനങ്ങളെ തന്‍റെ നേരിട്ടുള്ള നിയത്രണത്തിലാക്കാനാണ് പുതിയ കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ ശ്രമിക്കുന്നത്. അതിനാണ് മറ്റ് അഞ്ച് സഹകരണ സംഘങ്ങളെ അമുലുമായി ലയിപ്പിച്ച് രണ്ട് ലക്ഷം ഗ്രാമീണ ഡയറിയൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
കോ-ഓപറേറ്റിവ് സൊസൈറ്റികൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ടാതാണെന്ന ഭരണഘടനാ ചട്ടം പോലും ലംഘിച്ചാണ് കേന്ദ്രത്തിന്‍റെ നീക്കം. ഒ.എ.എഫ്.ഇ.ഡി, മതർ ഡയറി, വിജയ, ആവിൻ, സഹകരണ സൊസൈറ്റികൾ പോലെ കർഷകരെ സഹായിക്കുന്ന സഹകരണ സംഘമാണ് നന്ദിനിയും അമുലും. കോ ഓപറ്റീവ് സൊസൈറ്റികളെ മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി ആക്കി മാറ്റി കർഷകരുടെ മേൽ ആധിപത്യം സ്ഥാപിക്കാലാണ് ബി.ജെ.പിയുടെയും അമിത്ഷായുടെയും ലക്ഷ്യം. ഇത് കർഷകരുടെ വരുമാനത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.