പാറശാല > ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി നീരജിനെ റാഗ് ചെയ്ത് മർദിച്ച സംഭവത്തിൽ എബിവിപിക്കാരായ നാല് പേർക്ക് സസ്‌പെൻഷൻ. ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയും അമ്പൂരി ചപ്പാത്തിൻകര സ്വദേശിയുമായ ബി ആർ നീരജിനെയാണ് സംഘം മർദിച്ചത്.
മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയായ ആരോമൽ, മൂന്നാം വർഷ ബികോമിലെ ഗോപീകൃഷ്ണൻ, രണ്ടാം വർഷ ഇക്കണോമിക്സിലെ പ്രണവ്, രണ്ടാം വർഷ ബികോമിലെ വിവേക് കൃഷ്‌ണൻ എന്നിവർക്കാണ് സസ്പെൻഷൻ. ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തിൽ നീരജ് മർദനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. തുടർന്നാണ് നടപടി.
എബിവിപിയിൽ അംഗമാകാൻ നീരജ് വിസമ്മതിച്ചതിന്റെ പ്രതികാരമായാണ് മർദിച്ചത്. വ്യാഴം പകൽ 2.30ന് ആണ് സംഭവം. ക്ലാസിൽ അവധിയായ വിദ്യാർഥികൾ തിരിച്ചെത്തുമ്പോൾ “പ്രമുഖനെ’ന്ന് എബിവിപിക്കാർ വിളിക്കുന്ന ആരോമലിനെ കാണണമെന്ന് നിർദേശമുണ്ടായിരുന്നു. അവധികഴിഞ്ഞെത്തിയ നീരജിനെയും ഒപ്പമുണ്ടായിരുന്ന രമിത്തിനെയും ആരോമലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന സംഘം കോളേജ് ഗ്രൗണ്ടിലെ കുറ്റിക്കാട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു. അസഭ്യം പറയുകയും നഗ്‌നനാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ഇതിനിട രമിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.