തിരുവനന്തപുരം∙ വകുപ്പുകളിലെ ഭരണചുമതല അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് കൈമാറിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ എതിർക്കുന്നതിൽ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലിനുള്ളിൽ ഭിന്നത രൂക്ഷം. ഉത്തരവ് കണ്ണടച്ച് എതിർത്തത് ശരിയായില്ലെന്നു വാദിക്കുന്ന ഒരുവിഭാഗം, അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു കൊടുക്കും മുൻപ് ജോയിന്റ് കൗൺസിൽ നേതാക്കൾ വേണ്ട കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.കലക്ടറേറ്റുകൾ, താലൂക്ക് ഓഫീസുകൾ തുടങ്ങി സെക്രട്ടേറിയറ്റിനു പുറത്തുള്ള പല പ്രധാന സർക്കാർ ഓഫീസുകളിലും സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലാണ് ഭരണം കൈയ്യടക്കി വെച്ചിരിക്കുന്നത്. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതു മുതൽ ജീവനക്കാരുടെ സ്ഥലംമാറ്റവും പെൻഷനാനുകൂല്യങ്ങളുടെ വിതരണവും വരെഉള്ള കാര്യങ്ങൾ സംഘടനാ നേതാക്കളാണ് കയ്യാളുന്നത്.
പലപ്പോഴും ഈ ഓഫിസുകളിൽ അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർമാരായി വരുന്നത് സെക്രട്ടേറിയറ്റിനും ഡയറക്ടറേറ്റുകൾക്കും പുറത്തേക്കു മാറ്റപ്പെടുന്ന പ്രതിപക്ഷ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരാണ്. ഇവരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇത്തരത്തില്‍ പ്രധാന ഓഫിസുകളിലെ ഭരണ നിർവഹണം പൂർണമായും അവതാളത്തിലായ സ്ഥിതിയിലാണ് അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരുടെ അധികാരങ്ങളും ഉത്തരവാദിത്വവും നിർവചിച്ച് സർക്കാർ ഉത്തരവിറക്കിയത്.
സംഘടനാ നേതാക്കളുടെ അനിയന്ത്രിതമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് പല സിപിഐ മന്ത്രിമാരും നിശ്ശബ്ദ പിന്തുണയും നൽകി. ഇക്കാര്യങ്ങളെല്ലാം നിലനിൽക്കെയാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ സർക്കാർ ഉത്തരവിനെ എതിർത്തും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ഇതിനെതിരെയാണ് സംഘടനയിലെ ഒരുവിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.