ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം.എം മണി. റബർ വില 300 ആക്കിയാൽ ബി.ജെ.പിക്ക് എം.പിയെ കിട്ടുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെയാണ് മണിയുടെ പരോക്ഷ വിമർശനം.റബർ വില 300 ആക്കിയാൽ ബി.ജെ.പിക്ക് എം.പിയെ നൽകാമെന്ന ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റിലല്ലേ എം.പി ഇരിക്കുന്നതെന്ന് എം.എം മണി ചോദിച്ചു.അവിടെ മണിപ്പൂരിൽ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും. ഇപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. 300 രൂപക്ക് എം.പിയ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണെന്നും എം.എം മണി കുറ്റപ്പെടുത്തി.
നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് എം.എം മണിയുടെ പരാമർശം.കേന്ദ്ര സർക്കാർ റബർ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന പ്രസ്താവനയാണ് ജോസഫ് പാംപ്ലാനി മുമ്പ് നടത്തിയത്. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലെന്ന വിഷയം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നായിരുന്നു ബിഷപ്പിന്‍റെ പരാമർശം. കത്തോലിക്ക കോൺഗ്രസ് തലശ്ശേരി രൂപത സംഘടിപ്പിച്ച കർഷക റാലിയിൽ സംസാരിക്കവെയാണ് ജോസഫ് പാംപ്ലാനി ഈ പരാമർശം നടത്തിയത്.