കൊച്ചി: മോൻസൺ മാവുങ്കൽ ഒന്നും കെ സുധാകരൻ രണ്ടും പ്രതികളായ പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്. കേസിലെ പരാതിക്കാർ മോൻസണ് നൽകിയ 10 കോടിയിൽ 2.10 കോടിക്കുമാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാലയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്‌പി വൈ ആർ റസ്‌റ്റം വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ ഇഡിക്ക് കെമാറുമെന്നും റസ്‌റ്റം മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം ആദ്യമാണ് മോൻസൺ, കെ സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകളാണ് സുധാകരനെതിരെയുള്ളത്. മോൻസന്റെ തട്ടിപ്പിന് സുധാകരൻ കൂട്ടുനിന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. സുധാകരനെതിരെ ശക്തമായ തെളിവുകളും മൊഴികളും അടങ്ങുന്നതാണ് കുറ്റപത്രം. മോൻസണിൽനിന്ന് സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ദൃക്‌സാക്ഷിമൊഴി. ഇതും ഹവാലയാകാമെന്ന് അന്വേഷകസംഘം കരുതുന്നു.
ക്രൈംബ്രാഞ്ച് 2023 ജൂൺ 23ന് സുധാകരനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് വിട്ടയച്ചത്. വിദേശികൾക്ക് പുരാവസ്‌തു വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിയ, മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണംനൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാർ. കേസിൽ ഐജി ജി ലക്ഷ്‌മൺ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെ ഉടൻ അനുബന്ധ കുറ്റപത്രം നൽകും.