ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ലോകത്ത് സാധാരണമായ അര്‍ബുദങ്ങളാണ് സ്തനാര്‍ബുദം, ശ്വാസകോശഅര്‍ബുദം, കോളോറെക്ടല്‍ അര്‍ബുദം, പ്രോസ്ട്രേറ്റ് അര്‍ബുദം തുടങ്ങിയവ. ഈ അര്‍ബുദങ്ങളെല്ലാം ചേര്‍ന്ന് 2020 ല്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് ആഗോളതലത്തില്‍ കാരണമായി. ഇതില്‍ പുരുഷന്മാരില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് പ്രോസ്ട്രേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദം. മൂത്രസഞ്ചിക്കു താഴെ വാള്‍നട്ടിന്‍റെ ആകൃതിയിലുള്ള ഈ ഗ്രന്ഥിയില്‍ വരുന്ന അര്‍ബുദം ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞെന്നു വരില്ല.
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുക, ദുര്‍ബലമായി മൂത്രം ഒഴുകുക, മൂത്രമൊഴിച്ച ശേഷവും മൂത്രസഞ്ചി നിറഞ്ഞതു പോലെ തോന്നുക എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങളാണ്. അര്‍ബുദം വ്യാപിക്കുന്നതോടെ ചില അസ്വാഭാവിക ലക്ഷണങ്ങളും പ്രത്യക്ഷമാകും. ശരീരത്തിന്‍റെ പിൻവശത്തും ഇടുപ്പിലും പെല്‍വിസിലും ഉണ്ടാകുന്ന വേദനയും പ്രോസ്ട്രേറ്റ് അര്‍ബുദ ലക്ഷണമാണെന്ന് യൂറോളജിസ്റ്റുകള്‍ പറയുന്നു.
അകാരണമായ ഭാരനഷ്ടം, സ്ഖലന സമയത്തെ വേദന, ശുക്ലത്തില്‍ രക്തം എന്നിവയും പ്രോസ്ട്രേറ്റ് അര്‍ബുദ ലക്ഷണങ്ങളാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അധികമാണ്. പ്രോസ്ട്രേറ്റ് അര്‍ബുദത്തിന്‍റെ പാരമ്പര്യം ഉള്ളവര്‍ക്കും അമിതവണ്ണക്കാര്‍ക്കുമെല്ലാം പ്രോസ്ട്രേറ്റ് അര്‍ബുദം വരാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ യൂറോളജിസ്റ്റിനെ കണ്ട് പരിശോധിക്കണം. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രക്തത്തിലെ പ്രോസ്ട്രേറ്റ് സ്പെസിഫിക് ആന്‍റിജന്‍റെ അളവ് കണ്ടെത്താനുള്ള പിഎസ്എ ടെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാം. എംആര്‍ഐ സ്കാനും ബയോപ്സിയും അര്‍ബുദം സ്ഥിരീകരിക്കാനായി ചെയ്യുന്നതാണ്.
ഭക്ഷണക്രമം മെച്ചപ്പെടുത്തിയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തിയും നിത്യവും വ്യായാമം ചെയ്തും പുകവലിയും മദ്യപാനവും ഒഴിവാക്കിയും വൈറ്റമിന്‍ ഡി അടങ്ങിയ ആഹാരം കഴിച്ചും സജീവമായ ലൈംഗിക ജീവിതം നിലനിര്‍ത്തിയും പ്രോസ്ട്രേറ്റ് അര്‍ബുദ സാധ്യത ഒഴിവാക്കാം.