ന്യൂഡൽഹി: കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാറിനെതിരായ സിഖ് വിരുദ്ധ കലാപക്കേസിലെ അന്തിമ വാദം കേൾക്കുന്നത് റൂസ് അവന്യൂ കോടതി ബുധനാഴ്ച്ച മാറ്റിവെച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സരസ്വതി വിഹാർ പ്രദേശത്ത് അച്ഛൻ-മകൻ ദമ്പതികൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്.
സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജി കാവേരി ബവേജയാണ് അന്തിമ വാദം കേൾക്കുന്നത് ജൂലൈ 18ലേക്ക് മാറ്റിയത്. പ്രതി സജ്ജൻ കുമാർ ചൊവ്വാഴ്ച മുതൽ ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അനിൽ കുമാർ ശർമ്മ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. രാജ് നഗർ മേഖലയിൽ ജസ്വന്ത് സിങ്ങിനെയും മകൻ തരുൺദീപ് സിങ്ങിനെയും കൊലപ്പെടുത്തിയെന്നാരോപിച്ചുള്ള കലാപവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
2021 ഡിസംബറിൽ പ്രതിയായ സജ്ജൻ കുമാറിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കോടതി കുറ്റം ചുമത്തി. പ്രതിയാണ് പ്രസ്തുത ജനക്കൂട്ടത്തെ നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആൾക്കൂട്ടം രണ്ട് പേരെ ജീവനോടെ ചുട്ടെരിക്കുകയും വീട്ടുപകരണങ്ങളും മറ്റ് വസ്തുവകകളും നശിപ്പിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു.