ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ഞായര്‍) വൈകിട്ട് 4.30നാണ് യോഗം വിളിച്ചു ചേര്‍ത്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1.6 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച 27,553 പേര്‍ മാത്രമാണ് കോവിഡ് ബാധിതരായിരുന്നത്. ഡിസംബര്‍ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആശങ്കയേറിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വ്യാപകമായി രോഗം പിടിപെടാന്‍ തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം.