ഇടുക്കി: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 1.79 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മണിയാറന്‍കുടി അച്ചാരുകുടിയില്‍ ലിബിനെ (33) ആണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് പ്രാവശ്യമായാണ് പ്രതി പണയം വച്ച് തുക തട്ടിയത്. ഇതിനായി വ്യാജ ആധാര്‍ രേഖയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സമാനമായ രീതിയില്‍ ഇടുക്കിയിലും തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ ഹാഷിം, ജോഷി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.