കൽപ്പറ്റ > റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം രാഷ്‌ട്രീയ ധാർമികതക്ക് നിരക്കാത്തതാണെന്ന് വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നുന്നെന്നും രാഹുൽ ഗാന്ധിയും യുഡിഎഫും മൗനം പാലിച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നും ആനി രാജ വിമർശിച്ചു. 2 മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് രാഹുൽ മുമ്പേ തന്നെ വയനാട്ടിലെ ജനങ്ങളോട് പറയണമായിരുന്നു. രാഹുൽഗാന്ധിയും യുഡിഎഫും മൗനം പാലിച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് രണ്ടാമതും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. ഇതും കോൺഗ്രസ് വ്യക്തമാക്കണമെന്നും ആനി രാജ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിച്ചേക്കുമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നില്ല. വയനാടുമായി ആത്മബന്ധമാണുള്ളതെന്നും ജില്ലയിലെ വോട്ടർമാരെ കൈവിടില്ലെന്നും പറഞ്ഞ് വൈകാരികത സൃഷ്ടിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ റായ്വറേലിയിൽ മത്സരിക്കാൻ തീരുമാനമെടുത്തത്. നാമനിർദേശ പത്രികാ സമർപ്പണ സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് റായ്ബറേലിയിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായെത്തിയത്.