ദില്ലി: 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവരിലെ വാക്സിനേഷന് കൊവോവാക്സീന് അനുമതി. വാക്സീന്‍ സാങ്കേതിക ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയുടേതാണ് റിപ്പോർട്ട്. ഡോസൊന്നിന് 225 രൂപക്ക് വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുമെന്ന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും കൂടുകയാണ്. പ്രതിദിന കേസുകള്‍ തുടർച്ചയായി രണ്ടാം ദിവസവും മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,377 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 60 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 17,801 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതിനിടെ, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാനൂറിന് മുകളിലെത്തി. ഇന്നലെ 412 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 28 ദിവസത്തിന് ശേഷം നാനൂറിന് മുകളിൽ രോഗികൾ പോകുന്നത്. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ടിപിആർ മൂന്നിന് മുകളിലെത്തി. 3.29 ആണ് നിലവിലെ ടിപിആർ. സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടി.
അതേസമയം, രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാൽ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസർ മണിന്ത അഗർവാൾ പറഞ്ഞു. കൊവിഡ് മാത്തമാറ്റിക്കൽ മോഡൽ എന്ന പേരിൽ രോഗത്തിൻ്റെ ഗതി പ്രവചിക്കുന്ന സംവിധാനം പ്രൊഫ മണിൻഡ് അഗർവാൾ വികസിപ്പിച്ചിരുന്നു. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ മുൻ തലവനായ ഡോ.ആർ ഗംഗഖേദ്കറും അഭിപ്രായപ്പെട്ടു.