ന്യൂഡൽഹി ∙ മുൻ പാർലമെന്റ് അംഗവും ആർജെഡി നേതാവുമായ പ്രഭുനാഥ് സിങ്ങിന് 1995 ലെ ഇരട്ടക്കൊലപാതക കേസിൽ ജീവപര്യന്തം തടവ്. നേരത്തെ, വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിൽ തെളിവു നശിപ്പിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചെന്നും, സ്വാധീനമുപയോഗിച്ചാണ് വിചാരണക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതെന്ന് വ്യക്തമായതായും 143 പേജുള്ള വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.1995 മാർച്ചിൽ ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. തിരഞ്ഞെടുപ്പിൽ പ്രഭുനാഥ് സിങിന്റെ താൽപര്യത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതിനാണ് രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു സ്ത്രീക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു കൊലപാതക കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രഭുനാഥ് സിങ്, നിലവിൽ ഝാർഖണ്ഡിലെ ഹസാരിബാഗ് ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.
പ്രഭുനാഥ് സിങും ബിഹാർ സർക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും സംഭവത്തിൽ പരുക്കേറ്റയാൾക്ക് 5 ലക്ഷം രൂപയും നൽകണമെന്ന് കോടതി നിർദേശിച്ചു. 2008 ൽ തെളിവുകളുടെ അഭാവം കാണിച്ച് വിചാരണക്കോടതി പ്രഭുനാഥ് സിങ്ങിനെ വെറുതെ വിട്ടിരുന്നു. 2012 ൽ പട്ന ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജേന്ദ്ര റായിയുടെ സഹോദരൻ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.