ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ദില്ലിയിൽ ചേർന്ന നിതി ആയോഗ് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ട് മുഖ്യമന്ത്രിമാർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് നിതി ആയോഗ് കൗൺസിൽ യോഗത്തിൽ ഇന്ന് പങ്കെടുക്കാതിരുന്നത്.
ഇവരിൽ ചിലർ കാരണം കേന്ദ്രത്തോട് പറഞ്ഞപ്പോൾ ചിലർ ഒരു പ്രതികരണവും നടത്തിയിട്ടില്ല.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. കേന്ദ്രത്തിന്‍റെ സമീപകാല ഓർഡിനൻസിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നാണ് അരവിന്ദ് കെജ്‌രിവാൾ തുറന്നടിച്ചത്. ഇക്കാര്യം വ്യക്തമാക്കി വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പഞ്ചാബിന്‍റെ താൽപ്പര്യങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ യോഗം ബഹിഷ്‌കരിക്കുന്നതെന്നുമാണ് ഭഗവന്ത് മാൻ വ്യക്തമാക്കിയത്. ഇക്കാര്യം വിശദമാക്കി അദ്ദേഹം കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന യോഗത്തിൽ പഞ്ചാബിന്‍റെ പല പ്രശ്നങ്ങളും കേന്ദ്രം ശ്രദ്ധിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീതി ആയോഗ് യോഗം ഒരു ‘ഫോട്ടോ സെഷൻ’ മാത്രമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവീൻ പട്നായിക്കിന് മുൻകൂർ പരിപാടിയുള്ളതിനാൽ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് നാളായി എൻ ഡി എയിൽ നിന്ന് അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഒഡീഷ മുഖ്യമന്ത്രി യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിലയിരുത്തലുകൾ. പിണറായി വിജയനും, കെ ചന്ദ്രശേഖർ റാവുവും മമത ബാനർജിയും നിതീഷ് കുമാറും സ്റ്റാലിനും സിദ്ധരാമയ്യയും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവർ പ്രത്യേകിച്ച് കാരണം അറിയിച്ചിട്ടില്ലെന്നാണ് സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാൻ പ്രതിപക്ഷത്തിന്റെ വലിയൊരു മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്ന തിരക്കിലാണ് തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ബിഹാറിലെ നിതീഷ് കുമാറും പശ്ചിമ ബംഗാളിലെ മമത ബാനർജിയും. കേരളത്തിന്‍റെ കടപരിധി വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിലയിരുത്തലുകൾ.
അതേസമയം മുഖ്യമന്ത്രിമാർ പങ്കെടുക്കാത്തതിൽ കടുത്ത വിമർശനവുമായി ബി ജെ പി രംഗത്തെത്തി. മോദിക്കെതിരെ പ്രതിഷേധിക്കാൻ നിങ്ങൾ എത്രത്തോളം പോകുമെന്നാണ് ബി ജെ പി വക്താവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് ചോദിച്ചത്. നൂറിലധികം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിർണായക ആസൂത്രണ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാർ ജനങ്ങളുടെ ശബ്ദം ഉയർത്താത്തിരിക്കുകയാണ് ചെയ്തതെന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.