തിരുവനന്തപുരം: ഈ വർഷത്തെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ക്രിസ്മസ് ബംപർ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ആയിരുന്നു ടിക്കറ്റ് പ്രകാശനം. 10 കോടി രൂപയാണ് സമ്മർ ബംപറിന്റെ ഒന്നാം സമ്മാനം 250 രൂപയാണ് ടിക്കറ്റ് വില.
ഇത്തവണത്തെ സമ്മര്‍ ബംപർ ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണ് ഉള്ളത്. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയാക്കിയിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 2023 മാര്‍ച്ച് 23ന് നറുക്കെടുപ്പ് നടക്കും.അതേസമയം, XD 236433 എന്ന നമ്പറിനാണ് ക്രിസ്മസ് ന്യു ഇയർ ബംപർ അടിച്ചിരിക്കുന്നത്. 16 കോടിയാണ് ഒന്നാം സമ്മാനം. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്ക് ആണ് രണ്ടാം സമ്മാനം(ഒരു കോടി വീതം പത്ത് പേർക്ക്).
33 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിൽ അച്ചടിച്ചത്. അതിൽ മുപ്പത്തി രണ്ട് ലക്ഷത്തി നാല്പത്താറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആരാകും 16 കോടിയുടെ ഭാഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോള്‍. എന്നാല്‍ തിരുവോണം ബംപർ അടിച്ച അനൂപിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ക്രിസ്മസ് ബംപർ ഭാഗ്യശാലി രംഗത്തെത്തില്ലെന്നാണ് പലരും പറയുന്നത്.