പാലക്കാട് : പാലക്കാട് സൈലന്റ്വാലി സൈരന്ധ്രി കാടുകളില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ രാജനായി തെരച്ചില്‍ തൊട്ടടുത്ത വനങ്ങളിലേക്കും വ്യാപിപ്പിച്ചു. രാജനെ കാണാതായി 10 ദിവസമായിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രാജന്റെ മൊബൈല്‍ പോലീസ് പരിശോധിച്ചെങ്കിലും തിരോധാനം സംബന്ധിച്ച തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചില്ല. കഴിഞ്ഞ 9 ദിവസമായി കാടടച്ച തെരച്ചിലാണ് വനംവകുപ്പ് വാച്ചര്‍ രാജന് വേണ്ടി നടത്തിയത്. കാടറിയാവുന്ന ട്രക്കിംങ് വിദഗ്ദരുടെ അടക്കം നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഒരു സൂചനയും ആര്‍ക്കും കിട്ടിയില്ല. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കില്ലെന്ന നിഗമനത്തില്‍ തന്നെയാണ് വനംവകുപ്പ്.
തിരച്ചിലിനിടെ ഷര്‍ട്ടും ടോര്‍ച്ചും ചെരുപ്പും കിട്ടിയെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടിലല്ല. ഈ സാഹചര്യത്തിലാണ് സൈലന്റ് വാലിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ മുക്കുത്തി നാഷണല്‍ പാര്‍ക്കിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചത്. രാജന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാടും കാട്ടുവഴികളും അറിയാവുന്ന രാജന്‍ വനത്തിലകപ്പെടാന്‍ സാധ്യത നന്നെ കുറവാണെന്നിരിക്കെ ദുരൂഹതകള്‍ ഏറെയാണ് രാജന്റെ തിരോധാനത്തില്‍.