പട്ന: ജി20 ഉച്ചകോടിയെ തുടർന്ന് പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. കൂടാതെ ട്രയിനുകൾ എത്തിച്ചേരേണ്ട സ്റ്റേഷനുകളും പുനക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദവും സുരക്ഷാപൂർണവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാറ്റങ്ങൾ വരുത്തിയത്.എയർ ഇന്ത്യ എ.ഐ 415, 416 എന്നീ വിമാനങ്ങൾ വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ നിർത്തിവെക്കും. വിസ്താര എയർലൈൻ ഫ്ലൈറ്റ് യു.കെ 716, യു.കെ 718 എന്നിവ യഥാക്രമം ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയ വിവരം എയർലൈൻ ഓപ്പറേറ്റർമാർ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
ചില യാത്രക്കാർക്ക് ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയർ തുടങ്ങിയ വിമാനങ്ങളിൽ സീറ്റ് ക്രമീകരിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് പുറമേ, ബിഹാറിലേക്കുള്ള ചില ട്രെയിനുകളുടെ ലക്ഷ്യസ്ഥാനവും ഇന്ത്യൻ റെയിൽവേ മാറ്റി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരേണ്ട രാജേന്ദ്രനഗർ (പട്ന)-ന്യൂ ഡൽഹി സമ്പൂർണ ക്രാന്തി എക്‌സ്‌പ്രസ്, ദർഭംഗ-ന്യൂഡൽഹി ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് എന്നിവ ആനന്ദ് വിഹാർ ടെർമിനൽസിലാണ് എത്തിച്ചേർന്നത്. പട്‌ന തേജസ് രാജധാനി, ദിബ്രുഗഡ് രാജധാനി, മഗധ് എക്‌സ്‌പ്രസ്, ക്ലോൺ സ്പെഷ്യൽ, മഹാബോധി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ഗാസിയാബാദ്, സാഹിബാബാദ് റെയിൽവേ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.