ഇന്ത്യക്കാർക്ക് സ്വർണം വിട്ട് ഒരു കളിയുമില്ല. വിവാഹത്തിനടക്കം മിക്ക ചടങ്ങുകളിലും കാണും സ്വർണം. അതുപോലെ സമ്പാദ്യമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. എന്നാൽ, ഇന്ന് സ്വർണത്തിന്റെ വില തൊട്ടാൽ പൊള്ളുന്നതാണ്. എന്നാൽ, 1950 -കളിലെ സ്വർണത്തിന്റെ വില കാണിക്കുന്ന ഒരു ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഇന്ന് ഒരു ചോക്കളേറ്റ് വാങ്ങുന്ന വില മാത്രമാണ് അന്ന് സ്വർണത്തിനുണ്ടായിരുന്നത് എന്ന് ബില്ല് പരിശോധിക്കുമ്പോൾ മനസിലാവും. 1959 -ൽ മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് ഈ സ്വർണത്തിന്റെയും വെള്ളിയുടെയും ബില്ല്. അതിൽ ഒരു തോല അല്ലെങ്കിൽ 11.66 ഗ്രാം സ്വർണത്തിന് കാണിച്ചിരിക്കുന്ന വില വെറും 113 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് വെറും 10 രൂപ ആയിരിക്കും അന്ന് ഉണ്ടായിരിക്കുക. ഇന്ന് 10 രൂപയ്‍ക്ക് വളരെ അധികം സാധനങ്ങളൊന്നും വാങ്ങാൻ കിട്ടില്ല എങ്കിലും അന്ന് അതായിരുന്നില്ല സ്ഥിതി എന്ന് കാണിക്കുന്നതാണ് ബില്ല്.
അന്നത്തെ ഈ വില നോക്കുകയാണ് എങ്കിൽ ഇന്ന് സ്വർണത്തിന് ഒരു ഗ്രാമിന് അയ്യായിരം രൂപയിൽ കൂടുതലുണ്ട്. അന്നത്തെ വിലയാണ് സ്വർണത്തിനെങ്കിൽ പവൻ കണക്കിന് സ്വർണം കയ്യിലിരുന്നേനെ എന്ന് അർത്ഥം. അതേ സമയം എത്ര വേഗമാണ് സ്വർണത്തിന്റെ വില കൂടി വരുന്നത് എന്ന് കാണിക്കുന്നതാണ് ബില്ല്.
എന്തിരുന്നാലും, വിലയെത്ര കൂടുതലാണ് എങ്കിലും നമ്മൾ മലയാളികൾ സ്വർണം വാങ്ങാതിരിക്കില്ല എന്നത് ഉറപ്പാണ്. സ്വർണത്തിൽ മുങ്ങിയാണ് പല വിവാഹത്തിനും പെൺകുട്ടികൾ ഒരുങ്ങുന്നത് തന്നെ. ഏതായാലും ഇക്കണക്കിനാണ് സ്വർണത്തിന് വില കൂടുന്നതെങ്കിൽ നമ്മുടെ വരും തലമുറയും കുറേ വർഷങ്ങൾക്ക് ശേഷം ഇന്നത്തെ സ്വർണവില കണ്ട് ഇത്ര വിലയേ സ്വർണത്തിന് ഉണ്ടായിരുന്നുള്ളോ എന്ന് അതിശയിക്കുന്ന കാലം വന്നേക്കും.