മാണ്ഡ്യ: 10 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജല സംഭരണിക്കുള്ളില്‍ കണ്ടെത്തി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ട്യൂഷൻ ക്ലാസിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മരണപ്പെട്ട പത്തു വയസുകാരി.
വൈകുന്നേരത്തോടെയാണ് കുട്ടിയുടെ മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജലസംഭരണിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും എഫ്‌ഐആറും രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടി പഠിക്കുന്ന ട്യൂഷന്‍ സെന്‍ററിലെ അധ്യാപകനായ കാന്ത രാജുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എത്തിയിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും മാണ്ഡ്യ സൂപ്രണ്ട് പി വേണുഗോപാൽ പറഞ്ഞു. അതേസമയം, വടക്കൻ ദില്ലിയിലെ നരേല മേഖലയിൽ എട്ടുവയസുകാരിയെ അയൽവാസി കൊലപ്പെടുത്തിയെന്നുള്ള നടുക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുട്ടിയുടെ സഹോദരനും പ്രതിയുമായുള്ള ബന്ധം വഷളായതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
പ്രതിയും കുട്ടിയുടെ കുടുംബവും അടുത്തടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയുടെ വീട്ടിൽ നിന്ന് 150 മീറ്റർ ചുറ്റളവിൽ പ്രധാന റോഡിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തതിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്ന് രാത്രി 11.30 ഓടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.