ചെന്നൈ: ചെന്നൈയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കർ ലോറിയുടെ അടിയിൽ പെട്ട് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന ലിയോറ ശ്രീ എന്ന 10 വയസുകാരിയാണ് മരിച്ചത്. ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്പാക്കത്താണ് അപകടമുണ്ടായത്. മടിപാക്കത്തെ സ്കൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.
ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടമുണ്ടായത്. കോവിലമ്പാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി വ്യാപക റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ മാസത്തില്‍ പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന്‍ മരിച്ചു. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്.
രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിൽ നിൽക്കുകയായിരുന്നു കൗശികിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരു സംഭവത്തില്‍ കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് മകൻ മരിച്ചു. മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാർഥ് ആണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും പുത്തൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്.