ഇംഫാൽ: അനുജത്തിയെ മടിയിലിരുത്തി ക്ലാസ്സ് നോട്ടെഴുതുന്ന ഒരു പത്ത് വയസ്സുകാരി മണിപ്പൂർ ബാലികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കൈയ്യിൽ അനിയത്തിയെ മുറുകെ പിടിക്കുകയും മറുകൈകൊണ്ട് ക്ലാസ്സ് നോട്ടെഴുതുകയും ചെയ്യുന്ന ബാലികയുടെ ചിത്രം ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തതോടെ പ്രതികരണവുമായി മണിപ്പൂർ മന്ത്രി തന്നെ രംഗത്തെത്തിരിക്കുകയാണ്.
ചിത്രം ശ്രദ്ധയിൽപ്പെട്ട ഉടനെ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും പെൺകുട്ടിയുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് പിന്തുണയേകാന്‍ താന്‍ തിരുമാനിച്ചെന്നും മന്ത്രി ടി. ബിശ്വജിത്ത് സിങ് ട്വീറ്ററിലൂടെ അറിയിച്ചു. മെയ്‌നിങ് സിൻലിയു പമേയ് എന്നാണ് പെൺകുട്ടിയുടെ പേരെന്നും ഉപജീവനത്തിനായി മാതാപിതാക്കൾ രണ്ടുപേരും കൃഷിപ്പണിക്ക് പോയതിനാലാണ് അനുജത്തിയുമായി അവൾക്ക് ക്ലാസ്സിൽ ഇരിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. പഠനത്തോടുള്ള അവളുടെ അർപ്പണബോധമാണ് എന്നെ അത്ഭുതപ്പെടുത്തിയതെന്നും മന്ത്രി ട്വീറ്ററിൽ അഭിപ്രായപ്പെട്ടു.