സൂറത്ത്: സെപ്റ്റംബർ 29ന് സൂററ്റിലും ജാംനഗറിലുമായി പിടികൂടിയത് 100 കോടി രൂപ വിലവരുന്ന വ്യാജകറൻസികൾ. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം മൂന്ന് പേർ അറസ്റ്റിലായി. നോട്ടുകൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിന് പകരം ഒരു എൻജിഒ വഴി റാക്കറ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യ സൂത്രധാരൻ ഹിതേഷ് കൊട്ടാഡിയ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. റാക്കറ്റിലെ മറ്റ് അംഗങ്ങൾക്കായുള്ള തിരച്ചിൽ കാംരജ് പൊലീസ് തുടരുകയാണ്.
സെപ്റ്റംബർ 29ന് കംരെജിൽ ഹിതേഷ് കൊട്ടാഡിയ ഓടിച്ച ആംബുലൻസിൽ നിന്ന് 25.80 കോടി വിലയുള്ള നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ച ഇയാളുടെ ജന്മനാടായ മോട്ടവഡാലയിൽ നിന്ന് 53 കോടിയോളം രൂപ മൂല്യമുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. പണം ആവശ്യമുള്ളപ്പോഴെല്ലാം സൂറത്തിലേക്ക് ആംബുലൻസ് മാർഗമാണ് ഹിതേഷ് നോട്ടുകൾ കടത്തിയിരുന്നത്. ആംബുലൻസ് ഉപയോഗിച്ചിരുന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. അറസ്റ്റിലായ മറ്റൊരു പ്രതി വിപുൽ പട്ടേലിൽനിന്ന് 12 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തു.
ഹിതേഷിന്റെ വീട്ടിൽ നിലക്കടലയുടെ തൊണ്ടിനടിയിൽ ഒളിപ്പിച്ച 19 പെട്ടികളിൽ നിന്നാണ് വ്യാജ നോട്ടുകൾ കണ്ടെടുത്തതെന്ന് ജാംനഗർ ഡിഎസ്പി പ്രേംസുഖ് ദേലു പറഞ്ഞു. യഥാർത്ഥ കറൻസിയിലെ 17 തിരിച്ചറിയൽ അടയാളങ്ങളിൽ 14 എണ്ണം മാത്രമാണ് ഈ നോട്ടുകളുമായി പൊരുത്തപ്പെടുന്നത്. എംബോസ്ഡ് നമ്പറുകൾ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. വെള്ളി നൂൽ നഷ്ടപ്പെട്ടിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് എഴുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.