തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് ചർച്ചചെയ്യാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ യോഗം വിളിച്ചു. മൂന്നരയ്ക്ക് കെഎസ്ആർടിസി ആസ്ഥാനത്ത് ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർക്കും എന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധന വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.