ന്യൂഡൽഹി: ചൈനീസ് പൗരന്മാർ നടത്തിയ 500 കോടി രൂപയുടെ തട്ടിപ്പിൽ ഉൾപ്പെട്ട 22 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 100 ഇന്‍സ്റ്റന്റ് ലോൺ ആപ്പുകൾ ഉപയോഗിച്ച് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെർവറുകളിൽ അപ്‌ലോഡ് ചെയ്തതായും പൊലീസ് അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ട വിശകലനത്തിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുൾപ്പെടെ തട്ടിപ്പു ശൃംഖല വ്യാപിച്ചതായി പൊലീസ് അറിയിച്ചു.
ലക്നൗവിലെ ഒരു കോൾ സെന്റർ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവർ ചെറിയ തുക വായ്പ നൽകുന്നതിനായി പരസ്യം നൽകി. ഉപയോക്താവ് അപേക്ഷ ഡൗൺലോഡ് ചെയ്യുകയും ലോൺ ആപ്പിന് അനുമതി നൽകുകയും ചെയ്തു കഴിഞ്ഞാൽ, മിനിറ്റുകൾക്കുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് ലോൺ തുക ക്രെഡിറ്റ് ചെയ്യും. ഇതിനിടെ ഫോണില്‍നിന്ന് സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തും. തുടർന്ന് വ്യാജ ഐഡി ഉപയോഗിച്ച് വിവിധ നമ്പറുകളിൽ നിന്ന് സംഘം ഉപയോക്താക്കളെ വിളിക്കുകയും ആവശ്യപ്പെടുന്നത് ചെയ്തില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
ഉപയോക്താക്കൾ ഭയന്ന് പണം നൽകാറുണ്ടായിരുന്നു. ഇത് പിന്നീട് ഹവാല വഴിയോ ക്രിപ്‌റ്റോകറൻസി വാങ്ങിയ ശേഷമോ ചൈനയിലേക്ക് അയച്ചു നൽകും. സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകൾക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും റിപ്പോർട്ടുണ്ട്.ക്യാഷ് പോർട്ട്, റുപേ വേ, ലോൺ ക്യൂബ്, വൗ റുപ്പി, സ്മാർട്ട് വാലറ്റ്, ജയന്റ് വാലറ്റ്, ഹായ് റുപ്പി, സ്വിഫ്റ്റ് റുപ്പി, വാലറ്റ്വിൻ, ഫിഷ്ക്ലബ്, യെയാ കാഷ്, ഇം ലോൺ, ഗ്രോട്രീ, മാജിക് ബാലൻസ്, യോകാഷ്, ഫോർച്യൂൺ ട്രീ, സൂപ്പർകോയിൻ, റെഡ് മാജിക് തുടങ്ങിയ ആപ്പുകൾ വഴിയായിരുന്നു തട്ടിപ്പ്. ഇവരുടെ പക്കൽനിന്ന് 51 മൊബൈൽ ഫോണുകൾ, 25 ഹാർഡ് ഡിസ്‌കുകൾ, ഒൻപത് ലാപ്‌ടോപ്പുകൾ, 19 ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, മൂന്ന് കാർ, 4 ലക്ഷം രൂപ എന്നിവ പൊലീസ് കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര അറിയിച്ചു.
ചൈനീസ് പൗരന്മാരുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. പിന്നിലുള്ള കുറച്ച് ചൈനീസ് പൗരന്മാരെ പൊലീസ് തിരിച്ചറിഞ്ഞു. അവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമം നടക്കുന്നു. ഇതുവരെ 500 കോടി രൂപയിലധികം ചൈനീസ് പൗരന്മാർ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.