മുംബൈ : വിരാട് കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് 100 മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. ഐപിഎല്ലില്‍ ഉൾപ്പെടെ കോലിയുടെ മോശം ഫോമിൽ ആരാധകരും നിരാശയിലാണ്. കുറച്ചുനാൾ കോലി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് താരത്തിന്‍റെ മുന്നോട്ടുള്ള കരിയറിന് നല്ലതായിരിക്കുമെന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി പറയുന്നത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ മോശം പ്രകടനമാണ് കോലി കാഴ്‌ചവെക്കുന്നത്.
2019 നവംബർ 22ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിരാട് കോലിയുടെ ബാറ്റിൽ നിന്ന് സുന്ദരമായൊരു സെഞ്ചുറി പിറന്ന ശേഷം മൂന്നക്കമുണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് 17 ടെസ്റ്റ് മത്സരങ്ങളും 21 ഏകദിനവും 25 ടി20യും 37 ഐപിഎല്‍ മത്സരങ്ങളും കോലി കളിച്ചു. പക്ഷേ ഒരു സെഞ്ചുറി ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായില്ല. ഐപിഎല്ലിൽ ഈ സീസണിൽ നായകന്‍റെ ഉത്തരവാദിത്തങ്ങളൊഴിഞ്ഞെങ്കിലും കോലിക്ക് തിളങ്ങാനാകുന്നില്ല. 7 മത്സരങ്ങളിൽ നിന്ന് 19.83 ശരാശരിയില്‍ 119 റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം. കോലിയുടെ ഉയർന്ന സ്കോർ 48.
‘ഇങ്ങനല്ല ഞങ്ങളുടെ കോലി’യെന്ന് ആരാധകർ പറഞ്ഞാൽ തെറ്റ് പറയാനാകില്ല. ഈ പശ്ചാത്തലത്തിലാണ് കോലിക്ക് മുന്നിൽ രവി ശാസ്ത്രി നിർദ്ദേശം വെക്കുന്നത്. ‘ഒന്നോ രണ്ടോ മാസത്തേക്ക് ക്രിക്കറ്റിൽ നിന്നും ബയോ-ബബിളിന്‍റെ സമ്മർദ്ദത്തിൽ നിന്നും വിട്ടുനിൽക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. മാനസിക കരുത്ത് ആർജിച്ച് തിരിച്ചുവരുക. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കരുത്തനായ കോലിയെ തിരിച്ചുകിട്ടുമെന്നും’ രവി ശാസ്ത്രി പറയുന്നു. നേരത്തെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക് ഇത്തരത്തിൽ കുറച്ചുനാൾ ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നിരുന്നു. മാനസികാരോഗ്യം മുൻനിർത്തിയായിരുന്നു സ്റ്റോക്സിന്‍റെ വിട്ടുനിൽക്കൽ.