തിരുവനന്തപുരം: ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് 102 സർക്കാർ ഹോമിയോ ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നത് ഫാർമസിറ്റുകളില്ലാതെ. ഇവിടങ്ങളിൽ മരുന്ന് വിതരണം ചെയ്യുന്നത് ഫാർമസി കോഴ്സ് യോഗ്യതയില്ലാത്ത അറ്റൻഡർ/ഡിസ്പെൻസർമാർ. ഇതോടെ, സർക്കാർ അംഗീകൃത കോഴ്സ് പാസായ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പെരുവഴിയിലായത്.
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കുന്നതിന് മരുന്ന് വിതരണം യോഗ്യതയുള്ള ഫാർമസിസ്റ്റുമാർ മുഖേന മാത്രമേ നടക്കാവൂവെന്ന് നിരവധി കോടതി പരാമർശമുണ്ടെങ്കിലും കോടതിയുടെ നിരീക്ഷണങ്ങളെ സർക്കാറും ആരോഗ്യവകുപ്പും ഗൗരവത്തിലെടുത്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
അലോപ്പതി ആയുർവേദം തുടങ്ങിയ മറ്റു ആരോഗ്യ സംവിധാനങ്ങളിൽ നൂറിലധികം തസ്തികകൾ ഇതിനകം സൃഷ്ടിക്കപ്പെട്ടപ്പോഴും ഹോമിയോപ്പതി വകുപ്പിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഫാർമസിസ്റ്റ് തസ്തിക ഒരെണ്ണം പോലും പുതുതായി വന്നിട്ടില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.