ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ 108 വനിതകൾക്ക് കേണൽ പദവിയിലേക്ക് പ്രമോഷൻ. അതിനായി പ്രമോഷൻ തസ്തികളകിലെ ഒഴിവ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
വനിതാ ലെഫ്റ്റനന്റ് കേണൽമാരെയാണ് കേണലായി സ്ഥാനക്കയറ്റം നൽകുന്നത്. 1992 മുതൽ 2006 വരെയുള്ള ബാച്ചുകളിലായി 224 വനിതാ ജീവനക്കാരാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ളത്. വിവിധ വകുപ്പുകളിലായി കേണൽ പദവിയിൽ 108 ഒഴിവുകളാണ് ഉള്ളത്.
അതിനാൽ തന്നെ സ്ഥാനക്കയറ്റം നൽകേണ്ട ജീവനക്കാരെ സെലക്ഷൻ ബോർഡ് വഴിയാണ് തെരഞ്ഞെടുക്കുന്നത്. അതിനായി വനിതാ ഓഫീസർമാരുടെ പ്രത്യേക സെലക്ഷൻ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. സെലക്ഷൻ ബോർഡിന്റെ നിരീക്ഷകരായി 60 വനിതാ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. 2023 ജനുവരി ഒമ്പതുമുതൽ 22 വരെ ദിവസങ്ങളിലാണ് സെലക്ഷൻ നടക്കുക.
സ്ഥാനക്കയറ്റത്തിന് തെരഞ്ഞെടുക്കുന്ന 108 വനിതാ ഓഫീസർമാരെ ആദ്യം വിവിധ കമാൻഡ് അസൈൻമെന്റുകളിലാണ് നിയമിക്കുക. ജനുവരി അവസാനത്തോടെ നിയമനം നടക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.