പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ 17 -കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി, അഞ്ച് മാസത്തിനിടെ രണ്ട് തവണ വധുവായി വിറ്റു. സംഭവം നടന്നത് മധ്യപ്രദേശിൽ. രണ്ടാമതായി പെൺകുട്ടിയെ വാങ്ങിയ വീട്ടിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ രക്ഷപ്പെട്ടോടി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു പെൺകുട്ടിയെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കനിസ് ഫാത്തിമ പറഞ്ഞു.
അഞ്ച് മാസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് മധ്യപ്രദേശിലെ കട്നിയിലെ വീട്ടിൽ നിന്നും ഒരു യാത്രക്കായി ഇറങ്ങിയതാണ് പെൺകുട്ടി എന്ന് റിപ്പോർട്ടുകൾ പറയുന്നു. കട്നി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിക്കരികിലേക്ക് കുറച്ച് യുവാക്കൾ വരികയും അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ, കുട്ടിയെ അടുത്തുള്ള പാർക്കിലേക്ക് കൂട്ടിക്കൊണ്ട് പോയി, അവിടെ വച്ച് വെള്ളവും ഭക്ഷണവും നൽകി. പിന്നാലെ പെൺകുട്ടി ബോധം കെട്ട് വീഴുകയായിരുന്നു.
ബോധം വരുമ്പോൾ പെൺകുട്ടി ഹോട്ടൽ മുറിയിലായിരുന്നു. അടുത്ത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവർ അവളെ ഭീഷണിപ്പെടുത്തി ഒരു 27 -കാരനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. പിന്നാലെ പുരുഷൻ രണ്ട് ലക്ഷം രൂപയ്ക്കാണ് താനവളെ വാങ്ങിയത് എന്ന് പറയുകയായിരുന്നുവത്രെ. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുശേഷം 27 -കാരൻ മരിച്ചു. പിന്നാലെ മറ്റൊരാൾക്ക് ആ കുടുംബം അവളെ വിറ്റു. അയാൾ പറഞ്ഞത് മൂന്ന് ലക്ഷം രൂപയ്ക്കാണ് താനവളെ വാങ്ങിയത് എന്നായിരുന്നു.
ശാരീരികമായ അതിക്രമങ്ങൾ താങ്ങാനാവാതെ അവിടെ വച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, ശ്രമം പരാജയപ്പെട്ടു. പിന്നാലെ പെൺകുട്ടി അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ കണ്ട റെയിൽവേ പൊലീസിന് സംശയം തോന്നുകയായിരുന്നു. പിന്നാലെ അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസാണ് ചൈൽഡ്‍ലൈനിൽ ബന്ധപ്പെട്ടത്. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. പെൺകുട്ടിയെ കാണാതായതായി പൊലീസിൽ വിവരം അറിയിച്ചിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ഇന്ന് വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകും.