കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള സ്റ്റേഷന്‍റെയും വയഡക്ടിന്‍റെയും നിർമാണത്തിന് തുടക്കം. കാക്കനാട് സ്പെഷ്യൽ ഇക്കണോമിക് സോണിനടുത്തുള്ള സ്റ്റേഷന്‍റെ നിർമാണമാണ് തുടങ്ങിയത്. 2025 നവംബർ മുതൽ കാക്കനാട്ടേക്കുള്ള മെട്രോയുടെ യാത്ര ആരംഭിക്കുന്നതിനായി അതിവേഗത്തിലുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൂടുതൽ ഇടങ്ങളിലേക്ക് മെട്രോ വ്യാപിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ സ്റ്റേഷന്റെയും വയഡക്ടിന്‍റെയും നിർമാണ ഉദ്ഘാടനമാണ് മന്ത്രി രാജീവ് നിർവഹിച്ചത്. പൈലിങ്ങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ മെട്രോ സ്റ്റേഷൻ മേഖലയിലാണ് നിർവ്വഹിച്ചത്. ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമാണം കേന്ദ്രീകരിക്കുകയും നാല് സ്റ്റേഷനുകളുടെയും നിർമാണം ഒരുമിച്ച് നടത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്ട്രെച്ചിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഐടി മേഖലയിലുൾപ്പെടെ തൊഴിലെടുക്കുന്ന കൊച്ചിയിലെ ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസമാകും.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിർമാണത്തിന്റെ കരാർ അഫ്കോൺസ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിനാണ്. അടുത്ത വർഷത്തിനകം നിർമാണം പൂർത്തിയാക്കി രണ്ടാം ഘട്ട സർവീസ് തുടങ്ങാനാകുമെന്നാണ് കെഎംആർഎൽ കണക്കുകൂട്ടുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് കൊച്ചി മെട്രോയുടെ പൂർത്തീകരണം. കേന്ദ്ര അനുമതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസം നേരിട്ടുവെങ്കിലും എല്ലാ അനുമതികളും നേടിക്കൊണ്ട് കൊച്ചി മെട്രോയുടെ 1957.05 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. ജെഎൽഎൻ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈര്‍ഘ്യത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമാണ് നടപ്പിലാകുന്നത്.