ഇന്ന് മിക്കവാറും ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി ഏറെ വൈകിയും ഫോൺ ഉപയോഗിക്കുക, ജോലി ചെയ്യുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്ന് പലരും ചെയ്യാറുണ്ട്. എന്നാൽ, ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കും. ഉറങ്ങാതിരിക്കുക എന്നത് ഒരിക്കലും ഒരു നല്ല കാര്യമായി കാണാനാവില്ല. എന്നാൽ, 1964 -ൽ ഒരു കൗമാരക്കാരൻ ദിവസങ്ങളോളം ഉറങ്ങാതെ ചെലവഴിച്ച് ഒരു റെക്കോർഡ് സ്വന്തമാക്കി.
1963 ഡിസംബറിലാണ് സാൻഡിയാഗോയിൽ നിന്നുള്ള 17 -കാരൻ റാൻഡി ഗാർഡ്നെർ ആ പരീക്ഷണം നടത്തിയത്. 11 ദിവസവും 24 മിനിറ്റും അതായത് 264.4 മണിക്കൂറുകൾ ഉറങ്ങാതിരുന്നു. അതിന് മുമ്പ് ഏറ്റവും കൂടുതൽ നേരം ഉറങ്ങാതിരുന്ന ആൾ എന്ന റെക്കോർഡ് ടോം റൗണ്ട്സ് എന്നയാളുടെ പേരിലായിരുന്നു 260 മണിക്കൂറായിരുന്നു ടോം ഉറങ്ങാതിരുന്നത്. ആ റെക്കോർഡാണ് റാൻഡി തകർത്തത്.
തങ്ങളുടെ സയൻസ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബ്രൂസ് മക്അലിസ്റ്ററും റാൻഡി ഗാർഡ്‌നറും ഉറങ്ങാതിരുന്നു കൊണ്ടുള്ള പരീക്ഷണത്തിന് മുതിർന്നത്. അതുവരെ ഉറക്കത്തിന്റെ പേരിലുള്ള റെക്കോർഡ് തകർക്കുക എന്നതും അവരുടെ ലക്ഷ്യമായിരുന്നു. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് എന്നതൊക്കെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.
വളരെ ആവേശത്തോടെയാണ് റാൻഡി പരീക്ഷണത്തിന് തുടക്കം കുറിച്ചത് എങ്കിലും അധികം വൈകാതെ തന്നെ ഉറങ്ങാതിരിക്കുന്നത് അവനെ ബാധിച്ച് തുടങ്ങി. ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, താൽക്കാലികമായുള്ള ഓർമ്മക്കുറവ്, ഭ്രമാത്മകത എന്നിവയെല്ലാം റാൻഡിയെ ബാധിച്ചു. പരീക്ഷണ കാലയളവിൽ റാൻഡിയുടെ തലച്ചോർ സ്കാൻ ചെയ്തപ്പോൾ അതിൽ ചില ഭാഗങ്ങൾ ഉറങ്ങിയതായും ചില ഭാഗങ്ങൾ ഉറങ്ങാത്തതായും കണ്ടെത്തി. അതിനെ കുറിച്ച് ഗവേഷകർ പറഞ്ഞത്, നാം ഉറങ്ങാതെയിരുന്നാലും നമ്മുടെ തലച്ചോർ പൂച്ചയുറക്കം ഉറങ്ങുന്നു എന്നാണ്.
പരീക്ഷണം കഴിഞ്ഞ ഉടനെ റാൻഡിയെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 മണിക്കൂർ തുടർച്ചയായി ഉറങ്ങിയ ശേഷമാണ് പിന്നെ റാൻഡി ഉണർന്നത്. എന്നാൽ, പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിലും അന്ന് ഉറങ്ങാതിരുന്നതിന്റെ പ്രശ്നങ്ങൾ റാൻഡിയെ ബാധിച്ചു. 2000 -ത്തിൽ അദ്ദേഹത്തിന് ഉറക്കമില്ലായ്മ ബാധിച്ചു. നിരാശ, മടുപ്പ് പോലുള്ള അവസ്ഥയെ മിക്കവാറും അഭിമുഖീകരിക്കേണ്ടി വന്നു. ഡോക്ടർമാർ പറയുന്നത് അന്നത്തെ പരീക്ഷണത്തിന്റെ ബാക്കിപത്രമാണ് ഇത് എന്നാണ്.
മാത്രമല്ല, ഗിന്നസ് റെക്കോർഡ് അന്ന് ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ റെക്കോർഡുകൾക്ക് പരിഗണിക്കില്ല എന്നും തീരുമാനിച്ചു.