തമിഴ്നാട്ടിലുണ്ടായ വിഷമദ്യദുരന്തത്തിൽ രണ്ട് ജില്ലകളിലായി 11 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ ഏഴ് പേരും ചെങ്കൽപട്ട് ജില്ലയിൽ നാലു പേരുമാണ് മരിച്ചത്. മദ്യം കഴിച്ച 30തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്. മലർവിഴി (60), ശങ്കർ (55), ധരണിവേൽ (50), സുരേഷ് (65), രാജമൂർത്തി (55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. മത്സ്യത്തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും. പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) എന്നിവിടങ്ങളിലാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ചികിത്സക്കായി എത്തിച്ചത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതിൽ ഒരാൾ വില്ലുപുരം മരക്കാനം സ്വദേശി അമരൻ (25) ആണ്. സംഭവത്തിൽ ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി നോർത്ത് സോൺ ഐജി സീനിയർ പൊലീസ് ഓഫീസർ കണ്ണൻ പറഞ്ഞു. അനധികൃത മദ്യവിൽപനക്കാരെ കണ്ടെത്താനായി പല ഗ്രാമങ്ങളിലും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മെഥനോൾ, രാസവസ്തുക്കൾ, വെള്ളം എന്നിവ ചേർത്താണ് മരണത്തിന് കാരണമായ മദ്യം ഉണ്ടാക്കിയത്. 200 മില്ലിയുടെ പാക്കറ്റ് 30 രൂപയ്ക്കാണ് വിറ്റിരുന്നത്. ശനിയാഴ്ച പതിനഞ്ചിലേറേ പേർ അമരനിൽ നിന്ന് മദ്യം വാങ്ങിയതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇതിൽ എട്ടോളം പേരെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിലെത്തിച്ചത്.
അനധികൃത മദ്യത്തിന്റെ വിൽപന വർദ്ധിച്ചു വരുന്നതായി ജില്ലാ പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കി. നിരോധിത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപന ഇല്ലാതാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.