കോഴിക്കോട് : വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരും. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും.