2021 ല്‍ നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയത് മുതല്‍ യുവാക്കളുടെ ഹരമായി മാറിയ സീരിസാണ് സ്ക്വിഡ് ഗെയിംസ്. ഈ നെറ്റ്ഫ്ലിക്സ് സീരിസ് ലോകമെമ്പാടും ജനപ്രിയമായി മാറിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടാക്കിയത്. പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഈ സീരിസ് വന്‍ വിജയമായി തുടരുന്നു. ഇതിനിടെ സ്ക്വിഡ് ഗെയിമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിംഗപ്പൂര്‍ വച്ച് നടന്ന ഒരു കളിക്കിടെ തമിഴ് വംശജനും പ്രവാസി തൊഴിലാളിയും 42 കാരനുമായ സെൽവം അറുമുഖത്തിന് 11 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചു.
ഹെവി വെഹിക്കിൾ ലീസിംഗ് സ്ഥാപനമായ പോളിസം എഞ്ചിനീയറിംഗ്സാണ് കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരില്‍ പരിപാടി സംഘടിപ്പിച്ചത്. കളികളിലെല്ലാം വിജയിക്കാന്‍ കഴിഞ്ഞതോടെ തന്‍റെ ഒന്നര വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് അദ്ദേഹത്തിന് ഒറ്റയടിക്ക് ലഭിച്ചതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. സത്യത്തില്‍ ഈ കളിയില്‍ ചേരുന്നതിന് മുമ്പ് സ്ക്വിഡ് ഗെയിംമിനെ കുറിച്ച് സെല്‍വം കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം തന്‍റെ കമ്പനിയില്‍ റിഗ്ഗര്‍ ആയും സിഗ്നല്‍മാനായും ജോലി ചെയ്യുകയായിരുന്നു. കൂടാതെ പോളിസം എഞ്ചിനീയറിംഗിനായി നിർമ്മാണ സൈറ്റുകളിൽ ലിഫ്റ്റിംഗ് പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്രെയിനുകളും ലിഫ്റ്റിംഗ് ഉപകരണങ്ങളും പരിശോധിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ ജോലി.
തമിഴ്നാട്ടില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം നേടിയ സെല്‍വം 2007 -ലാണ് ജോലി തേടി സിംഗപ്പൂരിലെത്തിയത്. 2015 ലാണ് അദ്ദേഹം ഇപ്പോഴത്തെ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. തന്‍റെ 15 അംഗ കുടുംബത്തിലേക്കായി കിട്ടുന്ന ശമ്പളത്തിന്‍റെ ഭൂരിഭാഗവും അദ്ദേഹം നാട്ടിലേക്ക് അയച്ചു കൊടുക്കുന്നു. സമ്മാനത്തുക എന്തു ചെയ്യുമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, നാട്ടില്‍ തന്‍റെ കുടുംബം വാടകയ്ക്കാണ് താമസിക്കുന്നതെന്നും സ്വന്തമായി ഒരു വീട് പണിയുന്നതിന് വേണ്ടി സമ്മാനത്തുക ചെലവഴിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കൂടാതെ സഹോദരനെ സഹായിക്കണം, മക്കളുടെ വിദ്യാഭ്യാസ ചെലവ് നോക്കണമെന്നിങ്ങനെ മറ്റ് ആവശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സമ്മാനം നേടിയത് കുടുംബക്കാരെ മുഴുവനും വളിച്ച് പറഞ്ഞു. പക്ഷേ ഭാര്യയെ വിളിച്ച് പറഞ്ഞപ്പോള്‍ അവള്‍ വിശ്വസിച്ചില്ല. ഒടുവില്‍ കൂട്ടുകാരനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് അവള്‍ അല്പമെങ്കിലും വിശ്വസിക്കാന്‍ തയ്യാറായത്. ആദ്യം എല്ലാവരും തമാശയായി കരുതിയെങ്കിലും പിന്നീട് അവരെല്ലാവരും കരയുകയും ആഘോഷിക്കുകയും ചെയ്തു. ജീവിത കാലത്ത് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു അതെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘