ചേർത്തല: മൂന്ന് വീലുകളിൽ കിലോമീറ്ററോളം കാറോടിച്ച് അനവധി വാഹനങ്ങളിൽ ഇടിക്കുകയും 11 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം മറ്റൊരു കാറിൽ ഇടിച്ച് നിന്നപ്പോൾ ഓടിക്കൂടിയ നാട്ടുകാരെയും പിന്തുടർന്നെത്തിയ പൊലീസിനെയും ആക്രമിച്ച യുവാവിനെ പിടികൂടി.അരൂക്കുറ്റി-ചേർത്തല റൂട്ടിൽ ശനിയാഴ്ച ഉച്ചക്ക് 11.30 മുതൽ 12.30 വരെയായിരുന്നു സിനിമയെ വെല്ലുന്നത്തരത്തിൽ നാടിനെവിറപ്പിച്ച കാറോട്ടം നടത്തിയത്. ഉദയനാപുരം പുത്തൻവീട് ദീപൻ നായരെ(28)യാണ് പൊലീസും നാട്ടുകാരും ചേർന്ന പിടികൂടിയത്. ഇരുചക്ര വാഹനങ്ങൾക്കും മൂന്നു കാറുകളുമടക്കം എട്ടു വാഹനങ്ങളും ഇടിച്ചു തകർത്തായിരുന്നു യുവാവിന്റെ പരാക്രമം.
കാറിന്റെ മുന്നിലെ ഇടതു ഭാഗത്തെ ടയർഇല്ലാതെയായിരുന്നു യുവാവ് 23 കിലോമീറ്ററോളം കാറോടിച്ചത്. അരൂരിൽ വെച്ച് അപകടകരമായി ഓടിച്ച കാർ മറ്റൊരുവാഹനത്തിൽ ഇടിച്ച് അരൂക്കുറ്റി റൂട്ടിലേക്കു കടക്കുകയായിരുന്നു. ഈ വിവരം പൂച്ചാക്കൽ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനുമുന്നിൽ വാഹനം തടയാൻ പൊലീസുകാർ നിന്നിരുന്നു. എന്നാൽ പൊലീസിനു നേരേ പാഞ്ഞടുത്ത വാഹനം നിർത്താതെ പോയി. പോലീസുകാർ രക്ഷപെട്ടത് തലനാരിഴക്കായിരുന്നു.
തുടർന്ന് പൊലീസടക്കം വാഹനത്തിൽ പിന്തുടരുമ്പോഴും ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ട് കാർ മുന്നോട്ടു കുതിക്കുകയായിരുന്നു. തവണക്കടവ് കവലയിൽ നിന്നും തവണകടവിലേക്കും ഇവിടെനിന്നും ഇടറോഡുവഴി പള്ളിചന്തയിലേക്കെത്തിയ ശേഷമായിരുന്നു ചേർത്തല റൂട്ടിലേക്ക് വീണ്ടും കടന്നത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കടന്നപ്പോൾ വാരനാട് കവലക്കു സമീപം മറ്റൊരു കാറിൽ ഇടിച്ചുനിന്ന കാറിൽ നിന്നും ഇറങ്ങിയ ദീപൻനായർ നാട്ടുകാർക്കും പൊലീസിനും നേരേ പാഞ്ഞടുത്ത് അക്രമിക്കുകയാരുന്നു. തുടർന്നാണ് പൊലീസ് നാടകീയമായി ബലപ്രയോഗത്തിലൂടെ ഇയാളെ പിടികൂടിയത്.
ദീപൻ നായരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അരൂരിലെത്തുന്നതിനു മുമ്പും ഇയാളുടെ വാഹനം നിരവധി വാഹനങ്ങളിലിടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലടക്കം വിശദമായി അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. യുവാവിന്റെ കാറിടിച്ചു പരിക്കേറ്റ.
കടക്കരപ്പളളി കോവിലകം ജിതിൻ(37), തൈക്കാട്ടുശ്ശേരി ചോഴേക്കാട്ടിൽ കെ എ. അഞ്ജു(32), ചേർത്തല മാടക്കൽ തറയിൽ വിഷ്ണുദിനേശൻ(28)എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ മൂന്നു പേർ കൂടി ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ദീപൻ നായരെ ചേർത്തല താലൂക്കാശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.