തിരുവനന്തപുരം: ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ.
ഡോക്ടർമാരുടെ പരിശ്രമവും ബന്ധുക്കളുടെ പ്രാർത്ഥനയും വിഫലമാക്കിയാണ് തമിഴ്നാട് അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അശ്വിൻ്റെ വിയോഗം. ആസിഡ് കലർന്ന ശീതളപാനീയം കുടിച്ച് ഗുരുതരവാസ്ഥയിലായിരുന്നു അശ്വിൻ. ആസിഡ് സാന്നിധ്യമുള്ള പാനീയം കുടിച്ചതോടെ അശ്വിൻ്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥിയിൽ തുടരുകയായിരുന്നു ഈ പതിനൊന്നുകാരൻ.
സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയത്തിൽ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നിരവധി കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ അവിടെ നിന്നുമുള്ള തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിനായിട്ടില്ല. ലഭ്യമായ വിവരങ്ങളും സൂചനകളും വച്ച് വിദ്യാര്‍ത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നെ എങ്ങനെ കുട്ടിക്ക് ഇത്ര ഗുരുതരമായി പൊള്ളലേറ്റെന്നും ആരാണ് ആസിഡ് കലര്‍ന്ന വെള്ളം നൽകിയതെന്നും എന്നീ കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.