നാഗർകോവിൽ : വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി. നാഗർകോവിൽ നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നത്. ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടർ ജലജ. ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേശമണി പോലീസിൽ പരാതി നൽകി. ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.