ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനു വ്യവസ്ഥചെയ്യുന്ന ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിയിൽ ഒരു വനിതാ എം.പി.യെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. കൂടുതൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശിവസേനാ എം.പി. പ്രിയങ്കാചതുർവേദി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡുവിന് കത്തെഴുതി. തൃണമൂൽ കോൺഗ്രസ് എം.പി. സുഷ്മിതാ ദേബ് മാത്രമാണ് സമിതിയിലെ 31 അംഗങ്ങളിലെ ഏക വനിത. ബി.ജെ.പി. നേതാവ് വിനയ് സഹസ്രബുദ്ധെയാണ് അധ്യക്ഷൻ.
സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ചചെയ്യുന്ന സമിതിയിൽ വനിതാ പ്രാതിനിധ്യം നാമമാത്രമായത് പ്രതിഷേധാർഹമാണെന്ന് പ്രിയങ്കയുടെ കത്തിൽ പറഞ്ഞു. സ്ത്രീകളുൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം സമിതി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. പാർലമെന്ററി സമിതിയിലെ ഏക വനിതാ അംഗമായ തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിതാ ദേബും പ്രതിഷേധം പ്രകടിപ്പിച്ചു. താൻ മാത്രമാണ് ഏക അംഗമെന്നത് അതിശയിപ്പിച്ചെന്നായിരുന്നു സുഷ്മിതാ ദേബിന്റെ പ്രതികരണം. കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ് താൻ. രാഷ്ട്രീയ പാർട്ടികളാണ് പേരുകൾ കമ്മിറ്റിയിലേക്ക് നിർദേശിക്കുന്നത്.
എന്തുകൊണ്ടാണ് മമതാ ബാനർജി ചെയ്തതുപോലെ മറ്റു പാർട്ടികൾ വനിതാ അംഗങ്ങളെ നാമനിർദേശം ചെയ്യാത്തതെന്ന് തനിക്കറിയില്ല. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം സമിതി കേൾക്കേണ്ടതുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. എല്ലാ വനിതാ എംപിമാരെയും കേൾക്കേണ്ടതുണ്ട്. അവരുടെ കാഴ്ച്ചപ്പാടുകൾ പ്രധാനമാണ്- സുഷ്മിത പറഞ്ഞു. ഡി.എം.കെ. അംഗം കനിമൊഴിയും പ്രതിഷേധിച്ചു. പാർലമെന്റിൽ 110 വനിതാ അംഗങ്ങളുണ്ട്. എന്നാൽ രാജ്യത്തെ പെൺകുട്ടികളെ ബാധിക്കുന്ന പ്രധാന ബിൽ പരിശോധിക്കാൻ സർക്കാർ ഏൽപ്പിക്കുന്ന സമിതിയിൽ ഒരു വനിതാ അംഗം മാത്രമേയുള്ളൂ. സ്ത്രീകളുടെ അവകാശങ്ങൾ പുരുഷന്മാർ നിശ്ചയിക്കും. സ്ത്രീകൾ നിശ്ശബ്ദരായ കാഴ്ചക്കാരായി തുടരും -കനിമൊഴി ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പി. നേതാവ് വിനയ് സഹസ്രബുദ്ധെയാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ നയിക്കുന്നത്. കൂടുതൽ വനിതാ എം.പി.മാർ സമിതിയിലുണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നെന്ന് സഹസ്രബുദ്ധെ വാർത്താ ഏജൻസിയായ പി.ടി.ഐ.യോടു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യം ആലോചിക്കുന്ന സമിതിയിൽ കൂടുതൽ വനിതാ എം.പി.മാർ ഉണ്ടാകേണ്ടിയിരുന്നെന്ന് എൻ.സി.പി. സമാജിക സുപ്രിയ സുലെ പറഞ്ഞു. സമിതിക്കുമുമ്പാകെ വ്യക്തികളെ വിളിച്ചുവരുത്താനുള്ള അധികാരം അധ്യക്ഷനുണ്ട്. അപ്പോൾ മറ്റു വനിതാ എം.പി.മാരെയും അദ്ദേഹത്തിനു ക്ഷണിക്കാമെന്നും സുലെ പറഞ്ഞു. വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, സ്പോർട്സ് എന്നീ വിഷയങ്ങളിലുള്ള പാർലമെന്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതല രാജ്യസഭയ്ക്കാണ്. ഈ സമിതിയിൽ രാജ്യസഭാ അംഗങ്ങൾക്കായിരിക്കും കൂടുതൽ പ്രാതിനിധ്യം. ഓരോ പാർട്ടിയും സഭയിലെ അവയുടെ അംഗബലമനുസരിച്ചാണ് പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത്.