കൊല്ലം: കൊല്ലം കുളത്തൂപ്പുഴ പീഡനക്കേസിലെ പ്രതികൾക്കെതിരെ എസ് സി/ എസ് ടി വകുപ്പ് ചുമത്തി. വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്. അതേസമയം, കേസന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി.കുളത്തൂപ്പുഴയിൽ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ ദമ്പതികൾക്കെതിരെ വകുപ്പ് കുടപ്പിക്കുകയാണ് പൊലീസ്. വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെൺകുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈൽ ഫോണിൽ രംഗങ്ങൾ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ വിറ്റു. പതിനായിരം രൂപയാണ് ദൃശ്യങ്ങൾ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. എത്ര പേർക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.