മീററ്റ്: കൂട്ടബലാത്സംഗത്തെ അതിജീവിച്ച 12 വയസ്സുകാരി ആൺകുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കുറച്ച് ദിവസം മുമ്പാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ പിതാവിനെ തിരിച്ചറിയുന്നതിനായി ഫോറൻസിക് സംഘം കുഞ്ഞിന്റെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനക്കയച്ചു. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഗാസിയാബാദിലെ ദസ്‌ന ജയിലിൽ കഴിയുന്ന പ്രതികളുടെ സാമ്പിളുകളും സംഘം ശേഖരിക്കും. 20 വയസ്സിന് താഴെയുള്ള നാല് പേരാണ് കേസിലെ പ്രതി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ അഞ്ചിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പിതാവ് ആരോപിച്ചു. മറ്റൊരു പ്രതി ഒമ്പത് മാസം മുമ്പ് തന്നെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
സെപ്റ്റംബറിൽ പെൺകുട്ടിയുടെ ശാരീരികമായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഗർഭം സ്ഥിരീകരിച്ചത്. വീട്ടുകാർ ചോദിച്ചപ്പോൾ കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സംരക്ഷണയിലായിരിക്കുമെന്ന് പൊലീസ് റഞ്ഞു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.