കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ പൊലീസ് കണ്ടെത്തി. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് 12 വയസുകാരിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്.
ഇന്ന് വൈകിട്ട് 5 മണിക്ക് കടയില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ആലുവ പൊലീസിലെത്തി പരാതി നല്‍കി. കുട്ടിക്ക് ഇവിടെ താമസിക്കാന്‍ താത്പര്യമില്ലായിരുന്നു എന്നും കൊല്‍ക്കത്തയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ കാരണമായത്. കുട്ടി നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.