തൃശൂർ: പോക്സോ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചേലക്കര കൊളത്തൂർ ചേറുകുട്ടിയുടെ മകൻ രാജുവിനാണ് (51) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ പീഡനം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതി കസ്റ്റഡിയിലിരിക്കെയാണ് വിചാരണ പൂർത്തിയാക്കിയത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇപ്പോൾ ചേലക്കര ഇൻസ്പെക്ടറായ ഇ. ബാലകൃഷ്ണനാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാറും പ്രോസിക്യൂഷൻ സഹായികളായി ചേലക്കര സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാഹുൽ ഹമീദ്, വനിത സി.പി.ഒ പി.ആർ. ഗീത എന്നിവരും ഹാജരായി.
			











                