കോഴിക്കോട് : കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെയായി 11 ഇടങ്ങളിൽ നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തി റെയ്ഡിൽ 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പ് കണ്ടെത്തി. പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ റെയ്ഡ്. പാലക്കാട് പ്രമുഖ നടന്റെ പേരിലുള്ള സിനിമാ കമ്പനിയിലായിരുന്നു റെയ്ഡ്. ഇഡി ഉദ്യോഗസ്ഥർ എത്തിയത് വെറും പരിചയത്തിന്റെ പേരിലാണെന്നും സിനിമാ ചർച്ചകൾക്കായാണെന്നുമാണ് നടന്റെ പിതാവിന്റെ വിശദീകരണം. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റാണ് മോറിസ് കോയിൻ തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നതെന്ന് ഇഡി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്ഥാപനങ്ങൾക്കു പുറമെ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലായിട്ടാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിലെ ലോങ്റിച്ച് ഗ്ലോബൽ, മോറിസ് ട്രേഡിങ് സൊല്യൂഷൻസ് തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിൽ വിവിധ ജില്ലകളിൽ മോറിസ് കോയിൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം ഗൗരവമായി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇഡിയുടെ രംഗപ്രവേശം. ഇഡി ഉദ്യോഗസ്ഥർക്കു മുന്നിലും ഒട്ടേറെ പേർ പരാതിയുമായി എത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ നിഷാദ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ ഓരോ ഇടപാടുകളും പുറത്തുവരാൻ തുടങ്ങിയത്. മലപ്പുറം, കൊച്ചി എന്നിവിടങ്ങളിൽ മൂന്ന് ഇടങ്ങളിലും പാലക്കാട് നടന്റെ കമ്പനിയിലുമാണ് ഇഡി റെയ്ഡ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ കാണാനായി വിഐപിയാണ് വീട്ടിലെത്തിയത് എന്ന നിലപാടിലാണ് നടന്റെ പിതാവ്.