123 നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറാൻ ശ്രമം നടത്തിയ ബ്രിട്ടീഷ് വംശജൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. സോളിലെ ലോട്ടെ വേൾഡ് ടവറിൽ റോപ്പ് ഇല്ലാതെ കയറാൻ ശ്രമിച്ച 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടമാണ് ലോട്ടെ വേൾഡ് ടവർ.കെട്ടിടത്തിൽ ഒരു മണിക്കൂറോളമാണ് ഇയാൾ കയറിയത്. 73ആം നിലവരെ ഇയാൾ കയറി എത്തിയിരുന്നു. ഈ സമയത്ത്, അഗ്നിസുരക്ഷാ സേന നിർബന്ധിച്ച് ഇയാളെ കെട്ടിടത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. കൊറിയയിലെ ഒരു ദിനപത്രത്തിൻ്റെ റിപ്പോർട്ട് പ്രകാരം ജോർജ്-കിംഗ് തോംപ്സൺ എന്നാണ് ഇയാളുടെ പേര്. 2019ൽ ലണ്ടനിലെ ഷാർഡ് കെട്ടിടത്തിൽ വലിഞ്ഞുകയറാൻ ശ്രമം നടത്തിയ ഇയാൾ അറസ്റ്റിലായിരുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.