കോഴിക്കോട്: ഭവന പദ്ധതിക്ക് കോഴിക്കോട് നഗരസഭ 1.27 കോടി രൂപ അനുവദിച്ചത് ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ ഉത്തരവ് പ്രകാരം കരാർ ഒപ്പിട്ട് ഒരു വർഷത്തിനുള്ളിൽ ഭവന നിർമാണം പൂർത്തീകരിക്കണം. എന്നാൽ, നഗരസഭയിലെ 64 ഗുണഭോക്താക്കൾക്ക് വീട് വെക്കാനായി നല്‌കിയ 1.27 കോടി രൂപ ലക്ഷ്യം കണാതെ മുടങ്ങിക്കിടക്കുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തിൽ പി.എം.എ.വൈ (അർബൻ) ലൈഫ് സംസ്ഥാന സർക്കാരിൻ്റെ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സംയോജിപ്പിച്ചു നടപ്പിലാക്കുന്നത്. 2018 ലെ ഉത്തരവ് പ്രകാരം യൂനിറ്റ് നിരക്ക് നാല് ലക്ഷം ആയി ഉയർത്തി ഗുണഭോക്ത്യ വിഹിതം ഒഴിവാക്കുകയും ചെയ്‌തു. ഇതിൽ കേന്ദ്ര വിഹിതം 1.5 ലക്ഷവും സംസ്ഥാന വിഹിതം 50,000 രൂപയും നഗരസഭാ വിഹിതം രണ്ട് ലക്ഷം എന്ന രീതിയിൽ 2017 ഏപ്രിൽ ഒന്നിനു ശേഷം കരാറിൽ ഏർപ്പെട്ട എല്ലാ ഗുണഭോക്താവിനും പുതുക്കിയ നിരക്കിലുള്ള ആനുകൂല്യം നൽകി.
തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ കെട്ടിട നിർമാണ അനുമതിപത്രവും മറ്റു അനുബന്ധ രേഖകളും ഹാജരാക്കി നഗരസഭാ സെക്രട്ടറിയുമായി കരാർ വെക്കുന്ന മുറക്ക് 40,000, നിശ്ചിത പെർമിറ്റിന് അനുസൃതമായി തറ വിസ്‌തീർണം പൂർത്തീകരിച്ച് ജിയോ ടാഗിന് ശേഷം 1,60,000, വീടിൻ്റെ മെയിൻ സ്ലാബ് നിർമാണം പൂർത്തികരിച്ച് 1,60,000, വീടിന്റെ കുളി മുറി, വാതിൽ, വൈദ്യതി വെള്ളം എന്നിവയുൾപ്പടെ നിർമാണം പൂർത്തികരിക്കുന്ന മുറയ്ക്ക് അവസാന ഗഡു 40,000 രൂപയും അനുവദിക്കും.
പദ്ധതി കോഴിക്കോട് നഗരസഭ വിവിധ ഡി.പി.ആർകളിലായി 426 എസ്.സി ഗുണഭോക്താക്കളിൽ ഇതുവരെ 317 പേർക്ക് വീടു വെക്കാനുള്ള ആനുകൂല്യം നൽകി. എന്നാൽ 2016 മുതൽ 2022 കാലയളവിൽ 97 പേർമാത്രമാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഇതിൽ അവസാന രണ്ടു ഡി.പി.ആർ പ്രകാരം ലിസ്റ്റിൽ ഉള്ളവരെയും 2002-23 വർഷങ്ങളിൽ തുക അനുവദിക്കപ്പെട്ടവരെ ഒഴിച്ച് നിർത്തിയാൽ തന്നെയും 65 ൽ കൂടുതൽ പേർ പലഗഡുക്കളായി തുക കൈപ്പറ്റി വീട് പണി പൂർത്തിയാക്കിയിട്ടില്ല.
ഇതിൽ 19 പേർ കരാർ ഒപ്പിട്ട് ആദ്യ ഗഡുവായ 20,000 കൈപ്പറ്റിയിട്ട് ഇതുവരെ വീട് പണി തുടങ്ങിയിട്ടില്ല. 11 ഗുണഭോക്താക്കൾ രണ്ടു ഗഡുക്കളിലായി 1.9 ലക്ഷം കൈപ്പറ്റിയെങ്കിലും ശേഷിക്കുന്ന പണികൾ പൂർത്തികരിച്ചില്ല. 3.4 ലക്ഷം തോതിൽ മൂന്ന് ഗഡുക്കളായി 15 പേർക്കു നൽകിയതും പൂർത്തിയാക്കാതെ മുടങ്ങിക്കിടക്കുന്നു. ഇത്തരത്തിൽ 63 പേർ ഇതുവരെ ഭവന നിർമാണം പൂർത്തീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.