കിൻസ്ഹാസ: അതിസുരക്ഷാ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് 129 തടവുകാർ. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ജയിലിലെ മതിലിൽ വലിയ രീതിയിൽ തുരന്നാണ് തടവ് പുള്ളികൾ പുറത്ത് കടക്കാൻ ശ്രമിച്ചത്. പുറത്ത് കടന്നവരിൽ 24 പേർ സുരക്ഷാ സേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകാല ജയിലിൽ നിന്ന് രക്ഷപ്പെടാനായിരുന്നു തടവുകാർ ശ്രമിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജയിൽ പരിസരത്ത് നിന്ന് വലിയ രീതിയിൽ വെടിയൊച്ച കേട്ടതായാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. പുലർച്ചെ അഞ്ച് മണിവരെ വെടിയൊച്ചകൾ കേട്ടതായാണ് പ്രദേശവാസികൾ ബിബിസിയോട് പ്രതികരിച്ചത്. 24 പേർ വെടിയേറ്റും ശേഷിച്ച തടവുകാർ തിക്കിലും തിരക്കിലും പെട്ടുമാണ് മരിച്ചതെന്നാണ് ആഭ്യന്തരമന്ത്രി ജാക്വിമെയിൻ ഷാബാനി പ്രതികരിച്ചത്. 7 വർഷങ്ങൾക്ക് മുൻപ് 4000 തടവുകാരാണ് ഈ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമാന രീതിയിലുള്ള രക്ഷപ്പെടൽ ശ്രമമാണ് നിലവിൽ പാളിയത്.
ഇതിനിടയിലൂടെയും ചിലർ രക്ഷപ്പെട്ട് പോയതായാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. ജയിലിന് പുറത്ത് മൃതദേഹങ്ങൾ കിടക്കുന്നതായുള്ള വിവിധ ചിത്രങ്ങൾ സൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 ലേറെ തടവുകാർക്ക് ഗുരുതര പരിക്കേറ്റതായാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. ജയിൽ ചാട്ടം ശ്രദ്ധയിൽ വന്നതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച പൊലീസ്, സേനാ അംഗങ്ങളുടെ ഇടപെടലാണ് വലിയ രീതിയിൽ തടവുകാരുടെ രക്ഷപെടൽ തടഞ്ഞതെന്നാണ് ആഭ്യന്തരമന്ത്രി വിശദമാക്കുന്നത്.
അതിസുരക്ഷാ ജയിലിന് കേടുപാടുകളും മറ്റ് തകരാറുകളും സംഭവത്തിലുണ്ടായിട്ടുണ്ടെന്നും ജാക്വിമെയിൻ ഷാബാനി വിശദമാക്കി. പൊലീസ് നടപടിയിൽ രജിസ്ട്രാർ ഓഫീസിന് തീ പിടിച്ചതായും ജാക്വിമെയിൻ ഷാബാനി വിശദമാക്കി. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് അവകാശ സംരക്ഷണ സംഘടനകൾ ആവശ്യപ്പെടുന്നത്. 1950ൽ സ്ഥാപിതമായ ജയിലിൽ 1500 പേരെയാണ് പാർപ്പിക്കാൻ കഴിയുക. നേരത്തെ ജയിലിലെ മോശം അവസ്ഥകളിൽ നിരവധി പേർ മരിച്ചതായി മാധ്യമ വാർത്തകൾ വന്നിരുന്നു. ഇവിടെ പാർപ്പിച്ച തടവുകാരിൽ 6 ശതമാനം മാത്രമാണ് ശിക്ഷ അനുഭവിക്കുന്നവരെന്നും മറ്റുള്ളവർ കേസുകൾ വലിച്ച് നീട്ടുന്നത് മൂലം വർഷങ്ങളായി ഇവിടെ കഴിയുന്നവരാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.