കുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 13 കിലോഗ്രാം ലഹരിമരുന്ന്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വെച്ചിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.