മലപ്പുറം: നാട്ടിന്‍ പുറങ്ങളിലെ കാടുമൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്ന കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നത് തിരിച്ചടിയാകുന്നു. നാട്ടുകാരുടെയും കര്‍ഷകരുടെയുടെയും പരാതിയില്‍ വേട്ട നടക്കുന്നുണ്ടെങ്കിലും ഇതൊന്നും എങ്ങും എത്തുന്നില്ലെന്നാണ് ആക്ഷേപം. കാരാട് കുഴിച്ചില്‍ കോളനിയില്‍ നിന്ന് മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ വേട്ടയാടിയ 13 പന്നികളില്‍ മിക്കതും 80 കിലോക്ക് മുകളില്‍ തൂക്കമുള്ളവയായിരുന്നു.
വേട്ട പട്ടികളെ ഉപയോഗിച്ച് കുറ്റികാടിളക്കി പന്നികളെ ഓടിച്ചു വെടിവെച്ചിടുകയാണ് ചെയ്യുന്നത്. നേരത്തെ വനം വകുപ്പിന് ചുമതലയുള്ളപ്പോള്‍ ഒരു പന്നിയെ വെടിവെച്ചു കൊന്നാല്‍ 1000 രുപ നല്‍കിയിടത്ത് നിലവില്‍ ചുമതല പഞ്ചായത്തിനായതോടെ സ്വന്തം ചെലവില്‍ വേട്ട നടത്തേണ്ട ഗതികേടിലാണിവര്‍. അലിയുടെ സംഘത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വേട്ടക്കാരാനുള്ളത്. പ്രത്യേകം പരിശീലനം ലഭിച്ച സങ്കരയിനം പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ചാണ് വേട്ട. നേരത്തെ ഒരു പെണ്‍ പന്നി വര്‍ഷത്തില്‍ ഒരു തവണ പ്രസവിച്ചിടത്ത് നിലവില്‍ മൂന്ന് തവണ വരെ പ്രസവിക്കുന്നതായി ഇവര്‍ പറയുന്നു. മികച്ച ഭക്ഷണത്തിന്റെ ലഭ്യതയാണ് കാരണം. ഒരു പ്രസവത്തില്‍ തന്നെ 20 കുഞ്ഞുങ്ങള്‍ പിറക്കുന്നുമുണ്ട്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പെറ്റുപെരുകുന്നതിനാല്‍ ഇവയുടെ എണ്ണം വേട്ടയാടിയാല്‍ പോലും നിയന്ത്രിക്കാനാകില്ലന്ന് വേട്ടക്കാരിലൊരാളായ നിലമ്പൂര്‍ സ്വദേശി കെപി ഷാന്‍ പറയുന്നു. മുപ്പതോ നാല്‍പ്പതോ വരുന്ന പന്നിക്കൂട്ടങ്ങള്‍ അര്‍ദ്ധരാത്രികളിലെത്തി വിടിനോടു ചാരിയുള്ള കൃഷിയിടങ്ങള്‍ കുത്തി നിരത്തിയാല്‍ പോലും നിസഹരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.