തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ഡോ. കെ ഗിരീഷിനെ ശിക്ഷിച്ചത്. ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്. മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണലിനോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർദ്ധിച്ചു. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചു. മാറ്റമില്ലാത്തതിനാല്‍ 2019 ന് കുട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ പറഞ്ഞു. ഫോർട്ട് എസ് ഐമ്മാരായ കിരൺ ടി.ആർ, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.