ഇടുക്കി : ജില്ലയിൽ മഴക്കെടുതികളിൽ ഇതുവരെ നഷ്ടപ്പെട്ടത് മൂന്നു പേരുടെ ജീവൻ. മരം ഒടിഞ്ഞു വീണ് രണ്ട് തോട്ടം തൊഴിലാളി സ്ത്രീകളും മരം ലോറിക്കുമേൽ വീണ് യുവാവുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ 130 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 121 വീടുകൾ ഭാഗികമായും ഒൻപത് വീടുകൾ പൂർണമായും തകർന്നു. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മഴയുടെ ശക്തി കുറഞ്ഞത്.